തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് ‘കടക്ക് പുറത്ത്’ എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment against Pinarayi Vijayan government, website launched)
മുഖ്യമന്ത്രിയെ പ്രതീകാത്മകമായി സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്ന തരത്തിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ലിങ്ക് വഴിയോ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ പ്രത്യേക ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ വെബ്സൈറ്റിൽ പ്രവേശിക്കാം. സർക്കാരിനെതിരെയുള്ള വ്യക്തിപരമായ പരാതികൾ രേഖപ്പെടുത്താനും ജനങ്ങൾക്ക് ഇതിൽ സൗകര്യമുണ്ടാകും.
വിവിധ മേഖലകളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിക്കുന്ന വിപുലമായ ഒരു കുറ്റപത്രമാണ് സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ പരസ്യപ്രചാരണങ്ങൾക്കെതിരെയുള്ള വിമർശനം, സാമ്പത്തിക ക്രമക്കേടുകൾ, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, തൊഴിലില്ലായ്മ എന്നിവയിലെ വീഴ്ചകൾ, ഭരണഘടനയും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

