ഇംഗ്ലീഷ് ഫുട്ബോളിലെ റെക്കോർഡ് തുകയ്ക്ക് മിഡ്ഫീൽഡർ എലിയറ്റ് ആൻഡേഴ്സനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി (Elliot Anderson Manchester City Transfer). നോട്ടിങ്ഹാം ഫോറസ്റ്റിൽ നിന്ന് 116 മില്യൺ പൗണ്ട് മുടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ആൻഡേഴ്സനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുന്നത്. ഇംഗ്ലീഷ് താരത്തിനായുള്ള കൈമാറ്റത്തിലെ റെക്കോർഡ് തുകയാണിത്. നേരത്തെ ഡെക്ലാൻ റൈസിനായി ആഴ്സണൽ ചെലവാക്കിയ 105 മില്യൺ പൗണ്ടെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. പ്രീമിയർ ലീഗിലെ ക്ലബ്ബുകൾ നടത്തിയ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണിത്. ലിവർപൂൾ അലക്സാണ്ടർ ഐസക്കിനായി മുടക്കിയ 125 മില്യൺ പൗണ്ടാണ് ഒന്നാമത്.
കഴിഞ്ഞ സീസണിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി മികച്ച പ്രകടനമാണ് 23-കാരനായ ആൻഡേഴ്സൻ കാഴ്ചവെച്ചത്. ടീമിന്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമായ താരം പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ബെർണാഡോ സിൽവ റയൽ മാഡ്രിഡിലേക്ക് പോയ ഒഴിവിലേക്കാണ് ആൻഡേഴ്സനെ സിറ്റി എത്തിക്കുന്നത്. ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരം നിലവിൽ അമേരിക്കയിലാണെന്നും മെഡിക്കൽ പരിശോധന ഉടൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആൻഡേഴ്സന്റെ വരവോടെ സിറ്റിയുടെ മധ്യനിര കൂടുതൽ കരുത്തുറ്റതാകുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.
Summary: Manchester City has secured the signing of England midfielder Elliot Anderson from Nottingham Forest for a British record fee of £116 million. This deal surpasses the previous British player transfer record of £105 million held by Declan Rice. Anderson, who has been a standout performer for Forest, joins City following the departure of Bernardo Silva to Real Madrid. The transfer is the second-most expensive in Premier League history, trailing only Liverpool’s signing of Alexander Isak.

