ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ (ജയം രവി) ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിയിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാലയും നാൽപ്പതിനായിരം രൂപയും മോഷണം പോയതായി പരാതി (Ravi Mohan House Theft). മോഷണവുമായി ബന്ധപ്പെട്ട് നടന്റെ സുരക്ഷാ ജീവനക്കാരും പ്രതിനിധികളും ചേർന്ന് വീട്ടിലെ ജോലിക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. തിങ്കളാഴ്ച ജോലിക്ക് പോയ രണ്ട് സ്ത്രീകളും ഒരു ആൺകുട്ടിയും തിരികെ എത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീലാങ്കരൈ പോലീസ് താരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് തടഞ്ഞുവെച്ച വിവരം പുറത്തറിയുന്നത്.
മോഷണം നടന്നാൽ ഔദ്യോഗികമായി പോലീസിലാണ് പരാതി നൽകേണ്ടതെന്നും സ്വകാര്യമായി ആളുകളെ തടഞ്ഞുവെക്കാൻ ആർക്കും അധികാരമില്ലെന്നും വ്യക്തമാക്കിയ പോലീസ് ജോലിക്കാരെ അവിടെനിന്നും മോചിപ്പിച്ചു. സംഭവത്തെ തുടർന്ന് നടന്റെ മാനേജർ ജോലിക്കാർക്കെതിരെ ഔദ്യോഗികമായി മോഷണക്കുറ്റത്തിന് പരാതി നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളിലൂടെയും വിവാദങ്ങളിലൂടെയും കടന്നുപോകുന്ന താരമാണ് രവി മോഹൻ.
ഭാര്യ ആരതിയുമായുള്ള വിവാഹമോചനവും അതിനുശേഷമുണ്ടായ ഗായിക കെനീഷ ഫ്രാൻസിസുമായുള്ള ബന്ധവും വേർപിരിയലുമെല്ലാം വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. ആദ്യഭാര്യയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകാതെ ഇനി അഭിനയിക്കില്ലെന്ന് പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രഖ്യാപിച്ച താരം അടുത്തിടെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ബക്കിയരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ്’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നതിനിടയിലാണ് താരത്തിന്റെ വീട്ടിൽ പുതിയ വിവാദങ്ങൾ അരങ്ങേറുന്നത്.
Summary: A theft of a diamond necklace worth Rs 10 lakh at Tamil actor Ravi Mohan’s Chennai residence led to controversy after his team illegally detained the house helps for questioning. The Chennai police intervened to rescue the workers, following which the actor’s manager filed an official theft complaint against them amidst the actor’s ongoing personal life crises.

