വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നതായി റിപ്പോർട്ട്. ആണവകേന്ദ്രങ്ങളിലെ അന്താരാഷ്ട്ര പരിശോധന, ഫണ്ട് വിനിയോഗം, ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.(US And Iran Tensions Rise Over Nuclear Inspections And Frozen Funds)
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പരിശോധനയ്ക്ക് ഇറാൻ അനുമതി നൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെടുന്നു. എന്നാൽ, ഇറാന്റെ നിലവിലെ നിയമം ഇത്തരം പരിശോധനകളെ കർശനമായി വിലക്കുന്നുണ്ട്. ചർച്ചകൾ നടന്നില്ലായിരുന്നുവെങ്കിൽ കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു.
ഇറാന്റെ മരവിപ്പിച്ച ഫണ്ട് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നു. 1200 കോടി ഡോളറോളം വരുന്ന ഈ തുക അമേരിക്കൻ ട്രഷറിയുടെ എസ്ക്രോ അക്കൗണ്ടിലേക്ക് മാറ്റണമെന്നും, ഇത് അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, പണം എന്ത് ആവശ്യത്തിന് ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ ഉറപ്പിച്ചു പറയുന്നു. അമേരിക്കയുടെ ഈ നിബന്ധന ഇറാനിലെ ചർച്ചാ സംഘത്തിനെതിരെ രാജ്യത്തിനകത്ത് തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ, അത് സ്വതന്ത്രമായിരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കരാർ പാലിക്കാൻ തയ്യാറായില്ലെങ്കിൽ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
Story Summary
Tensions between the US and Iran have escalated as both nations trade conflicting claims regarding IAEA inspections of nuclear facilities and the utilization of frozen funds. While the US insists on controlled fund spending and nuclear oversight, Iran asserts its sovereignty over its financial decisions and strategic waterways, leading to a precarious geopolitical standoff.

