തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഡി.ജി.പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേസന്വേഷണത്തിൽ ഉന്നതതല ഇടപെടലും അട്ടിമറിയും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണിത്. എസ്.ഐ.ടി തലവൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.(Gunmen Assault Case Tampering, DGP Led Inquiry Likely Against ADGP Ajith Kumar)
മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് എ.ഡി.ജി.പിക്ക് നേരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിപ്പിച്ച് കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് കണ്ടെത്തൽ.
ഗ്രേഡ് എസ്.ഐമാർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് എ.ഡി.ജി.പിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ, സന്ദർശക രജിസ്റ്റർ, കമ്പ്യൂട്ടർ രേഖകൾ എന്നിവ എസ്.ഐ.ടി ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. അന്വേഷണസംഘം തിരുവനന്തപുരത്തെത്തിയ സമയത്ത് എ.ഡി.ജി.പി ഓഫീസിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴികളും നിർണ്ണായക തെളിവുകളും പുറത്തുവന്നതോടെ എ.ഡി.ജി.പിക്കെതിരായ നിയമനടപടികൾ കർശനമാകാനാണ് സാധ്യത. ഇക്കാര്യത്തിൽ സർക്കാർ ഉടൻ നിർണ്ണായക തീരുമാനമെടുക്കുമെന്നാണ് സൂചന.
Story Summary
A special investigation team has uncovered evidence of high-level tampering in the Alappuzha assault case, where protestors were allegedly attacked by CM’s security personnel. Findings suggest that ADGP M.R. Ajith Kumar orchestrated alterations to case diaries, leading to the possibility of a high-level DGP-led investigation into his conduct.

