തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനകൾക്കിടെ, ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.(CJ Roy’s 9-page suicide note out? Crucial information)
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചും ബിസിനസ് ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കുറിപ്പിലുണ്ട്. തന്റെ മരണശേഷം സ്ഥാപനം ആര് നയിക്കണമെന്നും വിശ്വസ്തരായ സഹപ്രവർത്തകരെ മാറ്റിനിർത്തരുതെന്നും റോയി നിർദ്ദേശിച്ചിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി റോയിയുടെ കുടുംബത്തിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും.
അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയ എസ്‌ഐടി, ഐടി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിട്ടുപോകരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകി. റെയ്ഡ് നടന്ന സമയത്തെ നടപടിക്രമങ്ങളിൽ അപാകതയുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിക്കും. സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി. സി.ജെ. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേർന്ന് ഇനി കോൺഫിഡന്റ് ഗ്രൂപ്പിനെ നയിക്കും.
കമ്പനിയുടെ നിലവിലുള്ള എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകും. ഇന്നലെ വൈകിട്ട് നാലരയോടെ ബെംഗളൂരുവിലെ നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിലായിരുന്നു സംസ്കാരം.



