ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കി. ടി.കെ. ശിവരാജന് പകരമാണ് ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയത്.(Mullaperiyar Expert Committee, Kerala Representative Replaced from Committee)
വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ സ്ഥാനത്തുനിന്ന് ഒഴിഞ്ഞുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പുതിയ അംഗമായ എം.എൽ. ശർമ്മ. ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ അംഗങ്ങളുടെ മാറ്റമൊഴികെ മറ്റ് നിബന്ധനകളിലോ വ്യവസ്ഥകളിലോ മാറ്റങ്ങളില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 6-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ പ്രവർത്തനം. ഉത്തരവിന്റെ പകർപ്പ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായാണ് ഈ സമിതിയെ നിയോഗിച്ചത്.
Story Summary
The National Dam Safety Authority (NDSA) has replaced the Kerala representative on the Mullaperiyar Dam expert committee. T.K. Sivarajan, who previously represented Kerala, has been replaced by M.L. Sharma, a professor from IIT Roorkee, with the authorities citing personal reasons for Sivarajan’s departure.

