Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKerala'ബജറ്റ് അദാനിക്ക് വേണ്ടിയുള്ളത്, നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത...

‘ബജറ്റ് അദാനിക്ക് വേണ്ടിയുള്ളത്, നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നു’: MV ഗോവിന്ദൻ | MV Govindan Criticizes UDF Budget

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പൂർണമായും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന നയമാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan Criticizes UDF Budget And Corporate Favors)

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം സ്വകാര്യവൽക്കരണത്തിനായുള്ള ആമുഖ പ്രസംഗമാണ്. സംസ്ഥാനത്തെ ധാതു സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനാണ് സർക്കാർ നീക്കം. ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പട്ടികവർഗക്കാർക്ക് ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്.

പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. വയോജന ക്ഷേമത്തിനായി വകുപ്പ് ഉണ്ടാക്കിയെങ്കിലും പണമില്ലാത്ത അവസ്ഥയാണ്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്, ഇത് വെറും മുദ്രാവാക്യം മാത്രമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളും സർക്കാർ അട്ടിമറിച്ചു.

കേരളത്തിലെ ഇടതുപക്ഷ ബദൽ തകർക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയും വി.ഡി. സതീശനും തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷക്കാർ എന്ന് പറയുന്നത് അർത്ഥശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമം ന്യായീകരിക്കാനാവില്ലെങ്കിലും, എട്ട് മണിക്കൂർ നീണ്ട നടപടിക്കിടയിൽ ഉണ്ടായ സ്വാഭാവിക പ്രതികരണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും പകർച്ചവ്യാധികൾ പടരുമ്പോൾ അത് നേരിടാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എച്ച്.എസ് തർക്കം കാരണം ആരോഗ്യ വകുപ്പിലെ അവലോകനയോഗം പോലും നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Story Summary 

CPM State Secretary M.V. Govindan has slammed the UDF government’s budget, labeling it as a “pro-corporate” document aimed at privatizing public sectors and benefiting the Adani group. He further criticized the government for neglecting welfare schemes, failing to address the healthcare crisis, and attempting to undermine the state’s established left-wing development alternative.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.