തിരുവനന്തപുരം: കേരളത്തെ ഒരു ‘ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്’ ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം നടത്തിയത്. 2050-ഓടെ സംസ്ഥാനത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ വികസനത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്.(Kerala Budget 2026 Announces Green Hydrogen Hub and Carbon Neutral Goals)
ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. നിക്ഷേപകർക്ക് സഹായകരമാകുന്ന പ്രത്യേക ‘ഇൻവെസ്റ്റ്മെന്റ് സോൺ’ പദ്ധതിയും പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബും സ്ഥാപിക്കും. ഭൂലഭ്യതക്കുറവ് പരിഹരിക്കാൻ പുതിയ ‘ലാൻഡ് മാനേജ്മെന്റ് നയം’ കൊണ്ടുവരും. കാലപ്പഴക്കം ചെന്ന ഭൂനിയമങ്ങൾ പരിഷ്കരിക്കും. മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയർത്തും. ഫിഷറീസ് സബ് പ്ലാൻ, റെസ്ക്യൂ ബോട്ടുകൾ, വനിതകൾക്കായി ‘ഷീ സ്കൂട്ടറുകൾ’ എന്നിവ അനുവദിച്ചു.
പരിസ്ഥിതി സൗഹൃദ നഗരങ്ങൾക്കായി ‘കേരള അർബൻ ഗ്രോത്ത് മിഷൻ’ രൂപവത്കരിക്കും. കാലാവസ്ഥാ മോഡലിങ്ങും ജിയോ സ്പെഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ച് ‘കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ’ സ്ഥാപിക്കും. റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിനായി ‘പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്’ രൂപവത്കരിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ട് 28.5 ശതമാനമായി ഉയർത്തി. പാൽ ഉൽപ്പാദനം പ്രതിദിനം ഒരു കോടി ലിറ്ററായി വർദ്ധിപ്പിക്കും. സഹകരണ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ നിക്ഷേപ ഗ്യാരന്റി സ്കീമിൽ മാറ്റം വരുത്തും. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ഗ്രാമസഭകളിൽ ഓൺലൈൻ പങ്കാളിത്തം ഉറപ്പാക്കും.
Story Summary
In a forward-looking budget, Chief Minister V.D. Satheesan announced plans to transform Kerala into a ‘Green Hydrogen Hub’ and achieve carbon neutrality by 2050. The budget focuses on sustainable development, land management reform, enhanced support for fishermen, and transitioning the state’s economy from a remittance-based model to an investment-driven one.

