ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദി ഒഡീസി’യുടെ ആദ്യ ഇന്ത്യൻ പ്രീമിയറിന് വേദിയൊരുങ്ങുന്നു. ജൂലൈയിൽ നടക്കുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയർ ടൂറിന്റെ ഭാഗമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നായകന്മാരായ മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവർ മുംബൈയിൽ എത്തും (The Odyssey Mumbai Premiere). ലണ്ടൻ, പാരീസ്, ന്യൂയോർക്ക് തുടങ്ങിയ പ്രധാന നഗരങ്ങൾക്കൊപ്പം മുംബൈയെയും ഔദ്യോഗികമായി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഹോളിവുഡിലെ തന്നെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഒരു ഇന്ത്യൻ പ്രീമിയറിന് സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. മുംബൈയിലെ ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിലാണ് (PVR Icon IMAX) പ്രീമിയർ ഷോ നടക്കുന്നത്. സംവിധായകന്റെ ഭാര്യയും പ്രശസ്ത നിർമ്മാതാവുമായ എമ്മ തോമസും ഇവർക്കൊപ്പമുണ്ടാകും. ഹോമറിന്റെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം, പൂർണ്ണമായും ഐമാക്സ് ക്യാമറകളിൽ ചിത്രീകരിച്ച ലോകത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം എന്ന ഖ്യാതിയും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ജൂലൈ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഒഡീഷ്യസായി മാറ്റ് ഡാമണും അദ്ദേഹത്തിന്റെ മകൻ ടെലിമാക്കസായി ടോം ഹോളണ്ടും വേഷമിടുന്ന ചിത്രത്തിൽ ആൻ ഹാത്ത്വേ, റോബർട്ട് പാറ്റിൻസൺ, ലൂപിറ്റ നൈയോങ്ഗോ, സെൻഡയ, ഷാർലിസ് തെറോൺ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നോളന്റെ സിൻകോപ്പി ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ റിലീസിന് മുന്നോടിയായുള്ള ബുക്കിംഗുകൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
Summary: Academy Award-winning director Christopher Nolan, along with stars Matt Damon and Tom Holland, will visit Mumbai this July for the exclusive Indian premiere of his highly anticipated IMAX epic, ‘The Odyssey’. Marking the first time a Nolan film will premiere in India, the event places Mumbai alongside major global cities like London and New York before the film’s worldwide release on July 17.

