തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy’s death, Police question Income Tax officials, Funeral today)
മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിൽ പോലീസ് ഇന്നലെ രാത്രിയും പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളമാണ് ഓഫീസിൽ തിരച്ചിൽ നടത്തിയത്. ആദായനികുതി വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളും വകുപ്പിൽ നിന്നുള്ള നോട്ടീസുകളും പോലീസ് പരിശോധിച്ചുവരികയാണ്.
വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മണിക്ക് ബന്നാർഘട്ടയിലെ ‘നേച്ചർസ് കാസ്കേഡിൽ’ ഭൗതികദേഹം എത്തിക്കും. ഉച്ചയ്ക്ക് 2 മണി വരെ ഇവിടെ പൊതുദർശനത്തിന് സൗകര്യമുണ്ടാകും.
ഉച്ചയ്ക്ക് ശേഷം സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിൽ അന്ത്യശുശ്രൂഷകൾ നടക്കും. വൈകിട്ട് 4 മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.



