തിരുവനന്തപുരം: ചേങ്കോട്ടുകോണം നിവാസികളെ രണ്ട് വർഷത്തോളമായി ദുരിതത്തിലാഴ്ത്തിയ തെരുവുനായ്ക്കളുടെ ശല്യത്തിന് നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരമായി (Thiruvananthapuram Corporation Stray Dog Action). കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം നായ്ക്കളെ നഗരസഭയുടെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കളുടെ ആക്രമണഭീതിയും പരിസരത്തെ സഹിക്കാനാവാത്ത ദുർഗന്ധവും കാരണം നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. സംഭവം വാർത്തയായതോടെ ശനിയാഴ്ച മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് നായ്ക്കളെ മാറ്റുന്ന നടപടികൾക്ക് നേതൃത്വം നൽകിയത്.
നിലവിൽ നായ്ക്കളെ നഗരസഭയുടെ എബിസി (ABC) സെന്ററിലേക്കാണ് മാറ്റുന്നത്. അവിടെ വച്ച് വാക്സിനേഷനും ആവശ്യമായ ചികിത്സകളും നൽകിയ ശേഷം സ്ഥിരമായ ഷെൽട്ടറുകളിലേക്ക് അയക്കുമെന്ന് മേയർ അറിയിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീടിന്റെ മുറ്റത്തും ടെറസിലും റോഡിലുമെല്ലാം നായ്ക്കൾ നിറഞ്ഞിരുന്നതിനാൽ പുറത്തുനിന്നുള്ളവർക്ക് ഈ ഭാഗത്തേക്ക് എത്താൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മനുഷ്യാവകാശ കമ്മീഷനിലും ഓംബുഡ്‌സ്മാനിലും പരാതി നൽകിയിട്ടും പരിഹാരമാകാതിരുന്ന പ്രശ്നത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. നായ്ക്കളെ മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.
Summary
The Thiruvananthapuram Corporation has begun relocating nearly 70 stray dogs kept at the residence of a woman police officer in Chenkottukonam following years of local residents’ complaints about stench and safety. Led by Mayor V.V. Rajesh, the dogs are being moved to the ABC center for vaccination before being shifted to permanent shelters.

