ന്യൂഡൽഹി: ഒമാൻ തീരത്തിനടുത്ത് വെച്ച് ഇന്ത്യൻ ജീവനക്കാരുള്ള ‘എംടി ലിയാകി ഫ്രീഡം’ എന്ന ടാങ്കർ ആക്രമിക്കപ്പെട്ടെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചതായും കപ്പലിലുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു ( MEA Denies Attack on MT Liaki). ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ വഴിയും മന്ത്രാലയം ഈ വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വ്യാജ വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ തീരത്ത് വെച്ച് യുഎസ് നാവികസേന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളിൽ ചില ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഗുനിയ-ബിസാവു പതാകയുള്ള ‘എംടി ജൽവീർ’ എന്ന എണ്ണക്കപ്പലിന് നേരെ വ്യാഴാഴ്ച യുഎസ് നാവികസേന ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ ‘മാരിവെക്സ്’, ‘സെറ്റെബെല്ലോ’ എന്നീ കപ്പലുകൾക്ക് നേരെയുമുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും യുഎസ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ ലിയാകി ഫ്രീഡം വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രാലയം ആവർത്തിച്ചു.
Summary: The Ministry of External Affairs (MEA) has officially confirmed that the reports claiming an attack on the Indian-crewed tanker ‘MT Liaki Freedom’ near the Oman coast are false. Officials stated that they communicated with the vessel’s master, who verified that all crew members are safe and unharmed.

