ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കർശന നടപടികളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധർക്കും വിവർത്തകർക്കും പരീക്ഷ കഴിയുന്നതുവരെ ‘രഹസ്യവാസം’ അഥവാ ലോക്ക്-ഡൗൺ ഏർപ്പെടുത്തി.(NEET Re-exam Security Measures and IAF Involvement)
ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധ സംഘത്തെ പരീക്ഷ കഴിയുന്നതുവരെ പുറംലോകവുമായി ബന്ധമില്ലാത്ത സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർ പൂർണ്ണസമയ നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ വ്യോമസേനയുടെ സഹായം തേടാൻ എൻടിഎ തീരുമാനിച്ചു. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിൽ ചേർന്ന യോഗത്തിൽ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. പരീക്ഷയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളുകളും എൻടിഎ കർശനമായി പാലിക്കുന്നുണ്ട്.
Story Summary
To ensure the integrity of the upcoming NEET re-examination on June 21, the National Testing Agency (NTA) has implemented stringent security protocols. Experts involved in question paper preparation have been placed under strict surveillance in secure locations with no external communication, while the Indian Air Force has been roped in to assist with the secure transport and distribution of question papers. NTA officials have also dismissed rumors of a paper leak as baseless.

