തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ നിലപാട് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.(Minister V Sivankutty says there is a deal between BJP and VD Satheesan)
നേമത്ത് ബിജെപിയെ സഹായിക്കുന്നതിന് പകരമായി പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക എന്ന കൃത്യമായ രാഷ്ട്രീയ കച്ചവടമാണ് സതീശന്റേതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരേപോലെ താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് സതീശന്റേത്. ഒത്തുകളി പുറത്തുവരുമ്പോഴുണ്ടാകുന്ന പരിഭ്രമമാണ് പ്രതിപക്ഷ നേതാവിന്, ശിവൻകുട്ടി പറഞ്ഞു.
രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് സതീശൻ ശ്രമിക്കുന്നത്. എകെജി സെന്ററിനെയും മന്ത്രിയുടെ സ്റ്റാഫിനെയും പഴിചാരുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി പരിഹസിച്ചു. നേമത്ത് മത്സരിക്കാൻ സതീശനെ ശിവൻകുട്ടി വെല്ലുവിളിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ഇതിന് സതീശൻ മറുപടി നൽകിയിരുന്നു.
ശിവൻകുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പരിഹാസത്തിന് പിന്നാലെയാണ് സതീശന്റെ ബിജെപി ബന്ധം വിചാരണ ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുമായി മന്ത്രി രംഗത്തെത്തിയത്.



