കൊല്ലം: ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു (Kollam School Food Poisoning). ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്കൂൾ മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളിലെ ജലവിതരണ പമ്പ് തകരാറിലായതിനെ തുടർന്ന് പുറത്തുനിന്ന് കുടിവെള്ളം എത്തിക്കാൻ താൽക്കാലികമായി ഒരു സ്വകാര്യ കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഈ വെള്ളം കുടിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കരാറുകാരൻ സ്കൂളിൽ വിതരണം ചെയ്തത് മലിനമായ പാറമടയിലെ വെള്ളമാണെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തുകയും, വിതരണം ചെയ്ത കുടിവെള്ളത്തിന്റെ സാംപിളുകൾ അടിയന്തര രാസപരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Summary: More than 30 school children were hospitalized following a suspected case of food and water poisoning at a private school in Ezhammile, Kollam. The incident came to light on Wednesday night after several students developed physical discomfort. Preliminary reports suggest that contaminated drinking water, sourced from a local quarry by an external contractor due to a pump failure at the school, caused the illness. Health department officials have collected water samples for lab testing, and the affected children are reportedly in stable condition.

