തിരുവല്ല: എംസി റോഡിൽ തുകലശ്ശേരിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ക്രൈസ്തവ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു (Thiruvalla MC Road bus accident today). തമിഴ്‌നാട് തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. പ്രശസ്തമായ എടത്വ പള്ളിയിലെ പെരുന്നാൾ സന്ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ബസ് ഡ്രൈവർ തിരുനെൽവേലി സ്വദേശി അശോക് (42), ജോൺ (7), നിഖിൽ ആന്റണി (13), ആൽബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ അഞ്ചേകാലോടെ തുകലശ്ശേരി ചീക്കുളത്തിൻപടിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും അതിവേഗത്തിൽ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റുകളും സമീപത്തെ മതിലും ഇടിച്ചുതകർത്ത ശേഷം റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും തിരുവല്ല പൊലീസും ചേർന്ന് ഉടനടി സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന ബസിന്റെ ചില്ലുകൾ തകർത്താണ് ഉള്ളിൽ കുടുങ്ങിയ തീർഥാടകരെ പുറത്തെടുത്തത്.
പരിക്കേറ്റവരിൽ അഞ്ച് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, നിസ്സാര പരിക്കുകളുള്ള രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുലർച്ചെ സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Seven Tamil Nadu pilgrims were injured after their tourist bus overturned near Thukalassery on MC Road, Thiruvalla, early this morning. The group from Tirunelveli was heading to Edathua Church when the driver allegedly fell asleep, crashing into electric poles and a wall before flipping over.

