കോഴിക്കോട്: സൗദി അറേബ്യയിലെ ജയിൽവാസത്തിൽ നിന്ന് മോചിതനായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി (Abdul Rahim Saudi Arabia Jail Release). ഇന്ന് രാവിലെ ഏഴരയോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി വിമാനത്താവളത്തിൽ വെച്ച് അബ്ദുൽ റഹീം വികാരാധീനനായി പറഞ്ഞു. വർഷങ്ങളായി മകന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന ഉമ്മ ഫാത്തിമയെയും കുടുംബത്തെയും കാണാൻ റഹീം എത്തിയതോടെ തറവാട്ടു വീട്ടിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്.
കഴിഞ്ഞ 2006-ലാണ് സൌദി സ്വദേശിയായ ഭിന്നശേഷിക്കാരനായ ബാലൻ മരണപ്പെട്ടതിനെ തുടർന്ന് ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റഹീം അവിടെ അറസ്റ്റിലാകുന്നത്. തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ച റഹീമിന്റെ ജീവൻ രക്ഷിക്കാനായി ലോക മലയാളി സമൂഹം ഒന്നിച്ച് കൈകോർത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 34 കോടി രൂപയാണ് ദിയാധനമായി (ബ്ലഡ് മണി) സമാഹരിച്ചത്. ഈ തുക സൌദി കുടുംബത്തിന് കൈമാറിയതോടെ 2024 ജൂലൈയിൽ റഹീമിന്റെ വധശിക്ഷ കോടതി ഔദ്യോഗികമായി റദ്ദാക്കുകയായിരുന്നു. തുടർന്ന് സൌദിയിലെ നിയമപരമായ മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് രണ്ട് പതിറ്റാണ്ടിന് ശേഷം അദ്ദേഹം ഇന്ന് ജന്മനാടിന്റെ മണ്ണിൽ വീണ്ടും കാലുകുത്തിയത്. മലയാളി കൂട്ടായ്മയുടെയും നന്മയുടെയും ആഗോള പ്രതീകമായി മാറിയിരിക്കുകയാണ് ഈ ജയിൽ മോചനം.
Summary: Kozhikode native Abdul Rahim has returned to Kerala after spending 20 years in a Saudi Arabian prison, receiving an emotional welcome at Karipur Airport. Rahim was detained in 2006 following the accidental death of a Saudi boy under his care, and his death sentence was commuted last year. His release became a reality after global Keralites unitedly crowd-funded a record-breaking Rupees 34 crore as blood money to secure his freedom.

