Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല, ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ': പിണറായി വിജയൻ, തലസ്ഥാനത്തെ...

‘തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല, ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ’: പിണറായി വിജയൻ, തലസ്ഥാനത്തെ വസതിയിലെ റെയ്ഡ് പൂർത്തിയായി, EDയുടെ വാഹനങ്ങൾ അടിച്ചുതകർത്തു| Pinarayi Vijayan Greets CPIM Workers

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ റെയ്ഡ് പൂർത്തിയായി. പുലർച്ചെ 6 മണിക്ക് ആരംഭിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന അതീവ നാടകീയമായ പരിശോധനകൾക്കൊടുവിലാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്.(Pinarayi Vijayan Greets CPIM Workers After 14 Hour ED Raid Defiant Over CMRL Monthly Payoff Probe)

പരിശോധന പൂർത്തിയാക്കി ഇഡി സംഘം പുറത്തുപോയതിന് പിന്നാലെ, വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി അഭിവാദ്യം ചെയ്തു. ഉറച്ചുനിന്ന അണികൾക്ക് മുന്നിൽ കൈകൾ ഉയർത്തി കാണിച്ച അദ്ദേഹം, കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെയും കേന്ദ്ര ഏജൻസികൾക്കെതിരെയും കടുത്ത ഭാഷയിൽ രാഷ്ട്രീയ മുന്നറിയിപ്പ് നൽകി. റെയ്ഡിന് ശേഷം വസതിക്ക് മുന്നിൽ വെച്ച് സംസാരിച്ച പിണറായി വിജയൻ ഇതൊരു തുടക്കം മാത്രമായേ താൻ കാണുന്നുള്ളൂ എന്നാണ് പറഞ്ഞത്. തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഇഡി റെയ്ഡ് രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു.

തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റ് പ്രതിപക്ഷ നേതാക്കൾക്ക് നേരെ കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റം ഉണ്ടാകട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് മുൻപ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഈ ഇഡി റെയ്ഡ് വലിയ മനഃസംതൃപ്തിയും സന്തോഷവും നൽകും. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബിജെപി ഗവൺമെന്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്നുമുണ്ട് – പിണറായി വിജയൻ പറഞ്ഞു.

ഇത്തരം കേന്ദ്ര നീക്കങ്ങൾ കൊണ്ട് തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികൾ കൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്റെയും പാർട്ടി സഖാക്കളുടെയും വികാരമാണ്. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാൻ തയ്യാറായി നിന്നിട്ടുള്ള എല്ലാ ഘട്ടത്തിലും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. ആ പിന്തുണയ്ക്ക് ഒരു കുറവും ഒരു ചാഞ്ചല്യവും വന്നിട്ടില്ലെന്ന് ഇന്ന് സഖാക്കൾ വീണ്ടും തെളിയിച്ചു. ഏതിനെയും നേരിടാൻ ഇതാണ് ഞങ്ങളുടെ കരുത്ത്, പിണറായി വിജയൻ കൂട്ടിച്ചേർത്തു. വിവാദങ്ങളെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അവയെല്ലാം പിന്നീട് വിശദമായി പറയാമെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, ഒന്നിച്ചിറങ്ങി പ്രതിരോധിക്കാൻ അണികളോട് ആഹ്വാനം ചെയ്താണ് വസതിക്കുള്ളിലേക്ക് മടങ്ങിയത്.

പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥർക്ക് നേരെ പാർട്ടി പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ ഔദ്യോഗിക കാറിൽ കയറിയതോടെയാണ് വീട്ടുപരിസരത്ത് തടിച്ചുകൂടിയിരുന്ന വൻ ജനക്കൂട്ടം അക്രമാസക്തരായത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ എത്തിയ പ്രവർത്തകർ കാർ പൂർണ്ണമായും വളയുകയും അടിച്ചുതകർക്കുകയുമായിരുന്നു. കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ തല്ലിപ്പൊട്ടിച്ചു. സിപിഎം.ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.

Story Summary

The Enforcement Directorate (ED) concluded its 14-hour-long raid at the Thiruvananthapuram residence of Opposition Leader Pinarayi Vijayan in connection with the CMRL monthly payoff case. Following the departure of the ED team, Vijayan stepped out to greet thousands of emotional CPI(M) workers gathered outside, despite facing police lathi charges earlier.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.