ഗുരുവായൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തൻ കൂടിയാണ് വി.ഡി. സതീശൻ.(Chief Minister VD Satheesan Guruvayur Triprayar Temple Visit )
ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. ക്ഷേത്ര ദർശനത്തിന് ശേഷം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
ഗുരുവായൂർ ദർശനത്തിന് ശേഷം രാവിലെ എട്ടരയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രശസ്തമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം കമ്മീഷണർ എം. മനോജ്കുമാർ, ക്ഷേത്രം മാനേജർ വി.എൻ. ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകിയാണ് സ്വീകരിച്ചത്. ശ്രീരാമസ്വാമിയെ തൊഴുതു വണങ്ങിയ മുഖ്യമന്ത്രി മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ സുപ്രധാന വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജിൽ, വി.ഡി. സതീശന് വേണ്ടി ക്ഷേത്രത്തിൽ ശയനപ്രദക്ഷിണവും നടത്തി.
Story Summary
Chief Minister V.D. Satheesan visited the Guruvayur Sree Krishna Temple for the first time after taking office, performing a Thulabhara offering with 71 kg of butter. He later visited the Triprayar Sree Ramaswamy Temple, where he offered dynamic rituals before attending Minister A.P. Anilkumar’s son’s wedding.

