സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് (WhatsApp new feature). അയക്കുന്ന മെസേജുകൾ സ്വീകർത്താവ് വായിച്ചു കഴിഞ്ഞാലുടൻ സ്വയം ഡിലീറ്റാകുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ വാട്സ്ആപ്പിൽ നിശ്ചിത ദിവസങ്ങൾക്ക് ശേഷം മെസേജുകൾ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിങ് മെസേജസ്’ ഫീച്ചറുണ്ട്. 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ നിശ്ചിത സമയത്തിന് ശേഷം ചാറ്റ് മുഴുവനായി ക്ലിയർ ആകുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, തിരഞ്ഞെടുത്ത സന്ദേശങ്ങൾ മാത്രം വായിച്ച ഉടൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ‘ആഫ്റ്റർ റീഡ്’ (After Read) എന്ന ഓപ്ഷനാണ് പുതുതായി വരുന്നത്. ഇതിലൂടെ മെസേജ് വായിച്ച ശേഷം എത്ര സമയം കഴിഞ്ഞ് ഡിലീറ്റാകണമെന്ന് ഉപയോക്താക്കൾക്ക് സ്വയം നിശ്ചയിക്കാം. 5 മിനിറ്റ്, 1 മണിക്കൂർ, അല്ലെങ്കിൽ 12 മണിക്കൂർ എന്നിങ്ങനെയുള്ള സമയ പരിധികൾ ഇതിനായി തിരഞ്ഞെടുക്കാൻ സാധിക്കും.
ഈ പുതിയ ഫീച്ചർ പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും. അതായത് എല്ലാ ചാറ്റുകളിലും ഇത് ഒരേപോലെ പ്രവർത്തിക്കില്ല. പകരം ഉപയോക്താവിന് ആവശ്യമുള്ള പ്രത്യേക ചാറ്റുകളിൽ മാത്രം ഇത് ഓൺ ചെയ്തു വെക്കാൻ സാധിക്കും. ബീറ്റാ പ്രോഗ്രാമിന് പുറത്തുള്ള സാധാരണ ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന ഔദ്യോഗിക തീയതി വാട്സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Story Summary: WhatsApp is testing a new ‘After Read’ privacy feature that automatically deletes individual messages after the recipient opens and reads them. Users can set a custom deletion timer ranging from 5 minutes to 12 hours, and this optional feature will roll out to all users in future updates.

