ലോസ് ആഞ്ചലസ്: യുഎസിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ കേക്ക് മുറിച്ചതിന് ഉപഭോക്താവിൽ നിന്ന് വൻതുക ഈടാക്കിയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ബെവർലി ഹിൽസിലെ ‘പോസ’ എന്ന റൂഫ്‌ടോപ്പ് റെസ്റ്റോറന്റിലാണ് 11 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും കേക്ക് മുറിച്ചതിന് മാത്രം 110 ഡോളർ (ഏകദേശം 10,650 രൂപ) ഈടാക്കിയത് ( Beverly Hills Restaurant Cake Cutting Fee). റെസ്റ്റോറന്റിന് പുറത്തുനിന്നും കൊണ്ടുവന്ന കേക്ക് മുറിച്ചതിനാണ് ഒരാൾക്ക് 10 ഡോളർ എന്ന നിരക്കിൽ ‘കേക്ക് കട്ടിംഗ് ഫീ’ ആയി ഈ തുക ബില്ലിൽ ചേർത്തത്. ഇതിന്റെ ബിൽ ഉൾപ്പെടെ ഒരു ഫുഡ് ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
ഇത്രയും ഉയർന്ന തുക ഈടാക്കിയതിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് റെസ്റ്റോറന്റിന് നേരെ ഉണ്ടായത്. മുൻകൂട്ടി അറിയിക്കാതെ ഇത്തരം ചാർജ്ജുകൾ ഈടാക്കുന്നത് കൊള്ളയാണെന്ന് നിരവധി ഉപഭോക്താക്കൾ കുറിച്ചു. പ്രതിഷേധം ശക്തമായതോടെ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തി റെസ്റ്റോറന്റ് അധികൃതർ രംഗത്തെത്തി. കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഈ ചാർജ്ജിനെക്കുറിച്ച് ഉപഭോക്താവിനെ കൃത്യമായി ധരിപ്പിക്കണമായിരുന്നുവെന്നും അതിൽ വീഴ്ച സംഭവിച്ചതായും അവർ സമ്മതിച്ചു. ഈടാക്കിയ തുക പൂർണ്ണമായി റീഫണ്ട് ചെയ്യാമെന്നും, നഷ്ടപരിഹാരമായി അടുത്ത തവണ റെസ്റ്റോറന്റിലേക്ക് സൗജന്യമായി ക്ഷണിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കേക്ക് കട്ടിംഗ് ഫീ പകുതിയായി (ഒരാൾക്ക് 5 ഡോളർ) കുറച്ചതായും റെസ്റ്റോറന്റ് വ്യക്തമാക്കി.
View this post on Instagram

