റോം: അഞ്ച് രാജ്യങ്ങളുടെ വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റോമിൽ വൻ വരവേൽപ്പ്. എന്നാൽ, നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്ന വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ അജണ്ടയിലില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇറ്റലിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മാത്രമാണ് ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്.(PM Modi Italy Visit Bilateral Talks With Giorgia Meloni Rome 2026)
പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റാലിയൻ ഉഭയകക്ഷി സന്ദർശനമാണിത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി നേരിട്ടെത്തി സ്വീകരിച്ചു. ഇതിനിടെ, “സുഹൃത്തിന് സ്വാഗതം” എന്ന കുറിപ്പോടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിക്കൊപ്പം പങ്കുവെച്ച സെൽഫി ചിത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി ഇന്ന് നിർണ്ണായക ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ’ പദ്ധതി ശക്തിപ്പെടുത്തുന്നതിനൊപ്പം 2025-2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതികളും ഇരു നേതാക്കളും അവലോകനം ചെയ്യും. പ്രതിരോധം, സൈബർ സുരക്ഷ, ബഹിരാകാശം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിലേക്ക് ഉയർത്താനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റോമിലുള്ള യു എൻ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും.
ഇറ്റലിയിലെത്തുന്നതിന് തൊട്ടു മുൻപ് നോർവേയിൽ വെച്ച് നടന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി റോമിലെത്തിയത്. സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ് എന്നീ അഞ്ച് നോർഡിക് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ കൈമാറ്റത്തിലും ഹരിതോർജ്ജ വികസനത്തിലും സമുദ്ര സുരക്ഷയിലും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ഉച്ചകോടിയിൽ ധാരണയായി.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കാനും ഭീകരവാദത്തെ ഒന്നിച്ച് ചെറുക്കാനും ഉച്ചകോടി തീരുമാനിച്ചു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെന്നും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുപക്ഷവും ആവശ്യപ്പെട്ടു. മുൻപ് 2018-ലും 2022-ലുമാണ് ഇന്ത്യ-നോർഡിക് ഉച്ചകോടികൾ നടന്നത്. ഇറ്റലിയിലെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
Story Summary
Prime Minister Narendra Modi will hold bilateral talks with Italian PM Giorgia Meloni in Rome today, with a focus on defense and energy cooperation, though a meeting with the Pope is not on the agenda. Prior to his arrival in Italy, PM Modi attended the India-Nordic summit to strengthen ties in green technology and maritime security.

