ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് ശ്രദ്ധനേടിയ നോർവീജിയൻ വനിതാ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ സസ്‌പെൻഡ് ചെയ്തു. തന്റെ വ്യക്തിപരമായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മെറ്റ അപ്രത്യക്ഷമാക്കിയതായി ഹെല്ലെ ല്യങ് തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്.(Norwegian Journalist Helle Lyng Facebook Instagram Suspended After PM Modi Row)
അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടതിന്റെ സ്‌ക്രീൻഷോട്ടുകളും അവർ പങ്കുവെച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിതെന്നും എന്നാൽ തന്റെ ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഹെല്ലെ ല്യങ് എക്‌സിൽ കുറിച്ചു. എന്നെ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ബന്ധപ്പെടാൻ ശ്രമിക്കുന്നവരോട്, എന്റെ രണ്ട് അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്യപ്പെട്ട വിവരം അറിയിക്കുന്നു. എനിക്ക് ലഭിച്ച വലിയ തോതിലുള്ള പ്രതികരണങ്ങൾക്ക് മറുപടി നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇനി അതിന് കാലതാമസം നേരിടും. അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവർ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള സംഭവത്തിന് ശേഷം ഹെല്ലെ ല്യങ്ങിന് നേരെ സോഷ്യൽ മീഡിയയിൽ കനത്ത സൈബർ ആക്രമണവും ട്രോളുകളും ഉണ്ടായിരുന്നു. തിങ്കളാഴ്ച ഓസ്‌ലോയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെല്ലെ ല്യങ് ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടത്. ലോകം എന്തിനാണ് ഇന്ത്യയെ വിശ്വസിക്കേണ്ടതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാത്തതെന്നും അവർ ചോദിച്ചിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്ജ് ഇതിന് ശക്തമായ മറുപടി നൽകുകയും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനാ മൂല്യങ്ങളെയും പ്രതിരോധിക്കുകയും ചെയ്തു.
Story Summary
Norwegian journalist Helle Lyng, who went viral after questioning Indian PM Narendra Modi’s press availability in Oslo, claimed that Meta suspended her Facebook and Instagram accounts. Lyng termed it a “small price to pay for press freedom” following intense social media backlash over her heated exchange with MEA Secretary Sibi George.

