തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭാവിയെക്കുറിച്ചും 2027 ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും തുറന്നടിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടീമിൽ തന്റെ സാന്നിധ്യം വിലമതിക്കപ്പെടുന്നു എന്ന് തോന്നുമ്പോൾ മാത്രമേ താൻ കളിക്കളത്തിൽ ഉണ്ടാകൂ എന്നും, ആർക്കെങ്കിലും മുന്നിൽ യോഗ്യത തെളിയിക്കേണ്ട സാഹചര്യം വന്നാൽ ആ സ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ലെന്നും കോഹ്ലി വ്യക്തമാക്കി ( Virat Kohli RCB Podcast). റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്.
കോഹ്ലിയുടെ വാക്കുകൾ: “എന്റെ നിലപാട് വളരെ വ്യക്തമാണ്. ഞാൻ ഭാഗമായ ഒരു അന്തരീക്ഷത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് അവർക്ക് തോന്നുകയാണെങ്കിൽ ഞാൻ അവിടെയുണ്ടാകും. എന്നാൽ എന്റെ മൂല്യവും കഴിവും വീണ്ടും വീണ്ടും തെളിയിക്കേണ്ട ഒരു അവസ്ഥയാണെങ്കിൽ ആ ഇടം എനിക്കുള്ളതല്ല. കാരണം ക്രിക്കറ്റിനായുള്ള എന്റെ തയ്യാറെടുപ്പുകളിലും സമീപനത്തിലും ഞാൻ പൂർണ്ണ സത്യസന്ധനാണ്. ദൈവത്തിന് നന്ദി, കരിയറിൽ എനിക്ക് ലഭിച്ച എല്ലാത്തിലും ഞാൻ സന്തുഷ്ടനാണ്,” കോഹ്ലി പറഞ്ഞു.
ഏകദിന മത്സരങ്ങളിൽ 40 ഓവറും ബൗണ്ടറി ലൈനിൽ ഓടി നടക്കാൻ പറഞ്ഞാൽ താൻ അത് പരാതിയില്ലാതെ ചെയ്യുമെന്നും, ഓരോ പന്തും കരിയറിലെ അവസാന പന്തെന്ന നിലയിലാണ് താൻ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചപ്പോൾ ഒരു കുട്ടിയെപ്പോലെയാണ് തനിക്ക് തോന്നിയതെന്നും, കളിയിലുള്ള സ്നേഹം കൊണ്ട് മാത്രമാണ് താൻ അവിടെ ബാറ്റ് ചെയ്തതെന്നും കോഹ്ലി വ്യക്തമാക്കി. കാര്യങ്ങൾ സങ്കീർണ്ണമാക്കാൻ ശ്രമിക്കാതെ ഒന്നുകിൽ കാര്യങ്ങൾ മുൻകൂട്ടി തുറന്നുപറയണം അല്ലെങ്കിൽ തന്നെ സ്വസ്ഥമായി കളിക്കാൻ അനുവദിക്കണം എന്നാണ് കോഹ്ലിയുടെ നിലപാട്.
ഒരു പരമ്പരയ്ക്ക് തൊട്ടുമുൻപ് മാത്രം കഠിനാധ്വാനം ചെയ്യുന്ന ശീലം തനിക്കില്ലെന്നും വർഷം മുഴുവൻ തന്റെ ശാരീരികക്ഷമതയും ഭക്ഷണക്രമവും ഒരുപോലെ നിലനിർത്താറുണ്ടെന്നും കോഹ്ലി പറഞ്ഞു. അതുകൊണ്ട് തന്നെ എപ്പോൾ കളിക്കാൻ ആവശ്യപ്പെട്ടാലും താൻ എപ്പോഴും സജ്ജനാണ്. 2027 ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണെങ്കിലും, പരസ്പര ബഹുമാനത്തോടെയുള്ള സമീപനമുണ്ടായാൽ രാജ്യത്തിന് വേണ്ടി ലോകകപ്പ് കളിക്കുന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും ഈ മുതിർന്ന താരം വ്യക്തമാക്കി. 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ഫോർമാറ്റിൽ നിന്നും കഴിഞ്ഞ വർഷം ടെസ്റ്റിൽ നിന്നും വിരമിച്ച കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Summary: In a recent RCB Podcast, Virat Kohli opened up about his future and the 2027 ODI World Cup, stating he only wants to play if his presence adds value and is mutually respected. He emphasized that he has nothing left to prove to anyone and approaches the game with complete honesty and year-round fitness preparation. Kohli, currently an ODI-exclusive player for India, mentioned he would move on if people tried to complicate things for him.

