കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിൽ നടന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു (TMC Leader Sujit Bose Arrested). പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രമുഖ രാഷ്ട്രീയ അറസ്റ്റാണിത്. സാൾട്ട് ലേക്കിലെ സിജിഒ കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെ 10.30 മുതൽ 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 63-കാരനായ സുജിത് ബോസിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിച്ചില്ലെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദക്ഷിണ ഡംഡം മുനിസിപ്പാലിറ്റിയിൽ വൈസ് ചെയർമാനായിരുന്ന കാലത്ത് ശുചീകരണ തൊഴിലാളികൾ, ക്ലർക്കുമാർ, ഡ്രൈവർമാർ തുടങ്ങിയ തസ്തികകളിൽ നിയമവിരുദ്ധമായി ആളുകളെ നിയമിച്ചു എന്നതാണ് പ്രധാന ആരോപണം. ഏകദേശം 150-ഓളം പേർക്ക് ഇത്തരത്തിൽ ജോലി നൽകാൻ സുജിത് ബോസ് നേരിട്ട് ഇടപെട്ടതായി ഇഡി സംശയിക്കുന്നു. നിയമനങ്ങൾക്ക് പകരമായി അദ്ദേഹം പണവും ഫ്ലാറ്റുകളും കൈപ്പറ്റിയതായി ഇഡി അവകാശപ്പെടുന്നു. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലാണ്.
ബിധാനഗറിൽ നിന്നുള്ള മുൻ എംഎൽഎയായ സുജിത് ബോസ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശരദ്വത് മുഖർജിയോട് 37,000-ൽ അധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. അഴിമതിയുടെ ഗുണഭോക്താക്കൾ പാർട്ടിയിലെ ഉന്നത നേതാക്കളാണെന്നും ഇഡി അവരിലേക്ക് എത്തണമെന്നും സിപിഎം നേതാവ് സുജൻ ചക്രവർത്തി ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ബിജെപി വക്താവ് ദേബ്ജിത് സർക്കാർ പ്രതികരിച്ചു. സുജിത് ബോസിനെ ചൊവ്വാഴ്ച പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി അദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
Summary: The Enforcement Directorate (ED) has arrested former West Bengal minister and TMC leader Sujit Bose in connection with a municipality recruitment scam. This marks the first major arrest under the newly formed BJP administration led by Suvendu Adhikari. Bose is accused of facilitating illegal appointments for over 150 positions in exchange for money and properties.

