ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്കും സഖ്യകക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ തന്റെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച വിജയ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ നേതാക്കളെ പേരെടുത്ത് പരാമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്.(CM Vijay Expresses Gratitude To Rahul Gandhi And Allies After Taking Oath)
സിനിമയിലെ മാസ് എൻട്രികളെ വെല്ലുന്ന ആവേശത്തോടെയായിരുന്നു വിജയുടെ സത്യപ്രതിജ്ഞ. “സി. ജോസഫ് വിജയ് എന്ന ഞാൻ…” എന്ന് പേപ്പറിൽ നോക്കാതെ ഉറച്ച ശബ്ദത്തിൽ അദ്ദേഹം ചൊല്ലിത്തുടങ്ങിയപ്പോൾ ചെന്നൈ നെഹ്‌റു സ്റ്റേഡിയം ആവേശക്കടലായി മാറി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തന്റെ സിനിമകളിലെ പഞ്ച് ഡയലോഗുകൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയോടെയാണ് ജനക്കൂട്ടം ഓരോ വാക്കിനെയും വരവേറ്റത്. സത്യപ്രതിജ്ഞാ വാചകത്തിന്റെ രണ്ടാം ഭാഗം മാത്രമാണ് അദ്ദേഹം നോക്കി വായിച്ചത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ സർക്കാർ അധികാരത്തിലെത്തുമ്പോൾ വിജയ്‍യൊടൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിജയുടെ കുടുംബാംഗങ്ങളും തമിഴ് സിനിമാ ലോകത്തെ പ്രമുഖരും ലക്ഷക്കണക്കിന് വരുന്ന ടിവികെ പ്രവർത്തകരും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
Story Summary
Tamil Nadu CM C. Joseph Vijay expressed his gratitude to ally leaders, including Rahul Gandhi, whom he called his ‘brother’. Vijay took the oath of office in a high-octane ceremony at Chennai’s Nehru Stadium, supported by a coalition including Congress, CPM, and CPI.

