കെയ്റോ: ക്യാൻസർ ബാധിതയാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം തട്ടിയെടുത്ത ഈജിപ്ഷ്യൻ ബ്ലോഗർ പോലീസിന് മുന്നിൽ കീഴടങ്ങി. ഈജിപ്തിലെ ഇസ്മായിലിയ സ്വദേശിയായ ദുനിയ ഫൗദ് ആണ് സോഷ്യൽ മീഡിയ വഴി ഏകദേശം 40 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 70 ലക്ഷം രൂപ) തട്ടിയെടുത്ത ശേഷം അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത് (Egyptian Blogger Cancer Scam).
സോഷ്യൽ മീഡിയയിലൂടെ തനിക്ക് ക്യാൻസർ ആണെന്നും ചികിത്സയ്ക്കായി വൻ തുക ആവശ്യമുണ്ടെന്നും ദുനിയ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. വൈകാരികമായ വീഡിയോകളും പോസ്റ്റുകളും കണ്ട ആയിരക്കണക്കിന് ഫോളോവേഴ്സ് തുക നൽകി ഇവരെ സഹായിച്ചു. എന്നാൽ നടത്തിയ മെഡിക്കൽ പരിശോധനകളിൽ ഇവർക്ക് രോഗമില്ലെന്ന് തെളിഞ്ഞു. ദുനിയയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇവർ കീഴടങ്ങിയത്.
ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ ദുനിയ തന്റെ തെറ്റ് സമ്മതിച്ചു. “എനിക്ക് മാനസിക അസ്വാസ്ഥ്യമുണ്ട്, എനിക്ക് ചികിത്സ വേണം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നു,” അവർ കുറിച്ചു. അസുഖമാണെന്ന് നടിച്ചപ്പോൾ ആളുകൾ നൽകിയ സ്നേഹവും ഭർത്താവിന്റെ കരുതലും തനിക്ക് മാനസികമായ ആശ്വാസം നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞു.
ദുനിയയ്ക്ക് പണം നൽകിയ പലരും ഇപ്പോൾ ഇവർക്കെതിരെ ഓൺലൈൻ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ വിശ്വാസ്യതയെക്കുറിച്ചും ഓൺലൈൻ പണപ്പിരിവുകളിലെ സുതാര്യതയെക്കുറിച്ചും ഈ സംഭവം ഈജിപ്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Summary: Egyptian blogger Donia Fouad surrendered to police in Ismailia after admitting to faking cancer to swindle 4 million Egyptian pounds (approx. ₹70 lakh) from her followers. Fouad claimed she fabricated the illness to seek attention and emotional support. Medical tests confirmed she was healthy. Donors have filed fraud cases against her, sparking a debate on influencer accountability and online fundraising scams.

