യുവതാരം ടൊവിനോ തോമസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അതിരടി’ (Tovino Thomas Athiradi Movie). സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവിമാൻ ബ്രോഡ്കാസ്റ്റിംഗിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ കോളേജ് കാലത്തെ “സാഹസികമായ” ഒരു കോപ്പിയടി അനുഭവം തുറന്നുപറഞ്ഞത്. എഞ്ചിനീയറിംഗ് പഠനകാലത്ത് ലാബ് പരീക്ഷയ്ക്കിടെ ബിറ്റ് അടിച്ചതും ഒടുവിൽ അധ്യാപികയുടെ കൈയ്യിൽ കുടുങ്ങിയതുമാണ് ടൊവിനോ രസകരമായി വിവരിച്ചത്.
ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ:
“അന്ന് പതിനഞ്ചോളം എക്സ്പെരിമെന്റുകൾ ഉണ്ടായിരുന്നു. എൽ.ഇ.ഡി ബൾബ് കത്തുകയോ ഉത്തരങ്ങൾ കൃത്യമായി കിട്ടുകയോ ചെയ്യാത്ത സമയമായിരുന്നു അത്. കുട്ടികൾ ഇത് കേട്ട് വഴിതെറ്റരുത്, ചെയ്തതിൽ എനിക്ക് ഇപ്പോൾ ഖേദമുണ്ട്. അന്ന് മൈക്രോ സിറോക്സ് എടുത്ത പേപ്പറുകൾ ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് വീതിച്ചെടുത്തു. ചോദ്യം കിട്ടിയപ്പോൾ എനിക്ക് ഭാഗ്യത്തിന് ഞാൻ കരുതിയ ബിറ്റുകൾ തന്നെ വന്നു.
അപ്പുറത്തിരുന്ന സുഹൃത്തിന് ഞാൻ ബിറ്റ് കൈമാറി. എന്നാൽ ദൂരെയുള്ള മറ്റൊരു സുഹൃത്തിന് ഇത് എത്തിക്കാൻ ടീച്ചറുടെ കണ്ണ് വെട്ടിച്ച് അവൻ ടോം ആൻഡ് ജെറിയിലെ പോലെ നാല് ഡെസ്കുകൾ നീങ്ങി എന്റെ അരികിലെത്തി. അവന് ബിറ്റ് കൊടുത്ത ശേഷം പേടി കാരണം എന്റെ മുഖം വല്ലാതെ വിളറിപ്പോയി. എനിക്ക് ഉത്തരം അറിയില്ലാത്തതുകൊണ്ടാണെന്ന് കരുതി അധ്യാപിക അടുത്തുവന്ന് സഹായിക്കാമെന്ന് പറഞ്ഞു.
പേജ് മറിച്ചതും അതിനുള്ളിലിരുന്ന ബിറ്റ് ടീച്ചർ കണ്ടുപിടിച്ചു. അന്ന് സ്റ്റൈലിന് വേണ്ടി കൊന്തയൊക്കെ കഴുത്തിലിടുമായിരുന്നു. ‘ഒരു സത്യക്രിസ്ത്യാനിയായ നീ ഇത് ചെയ്യാൻ പാടുണ്ടോ’ എന്ന് ടീച്ചർ ചോദിച്ചു. പാവം തോന്നി ബാക്കി പരീക്ഷ എഴുതാൻ സമ്മതിച്ചെങ്കിലും, തിരിഞ്ഞു നിന്ന് ടീച്ചറോട് ബിറ്റ് തിരിച്ചു ചോദിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഉടനെ എന്നെ ലാബിൽ നിന്നും പുറത്താക്കി. ആ പരീക്ഷയ്ക്ക് തോറ്റെങ്കിലും സുഹൃത്തുക്കൾ രണ്ടുപേരും ജയിച്ചു,” ടൊവിനോ ചിരിയോടെ ഓർക്കുന്നു.
Story Summary: In a recent promotional interview for his film Athiradi, Malayalam actor Tovino Thomas shared a humorous anecdote about getting caught for cheating during his college lab exam. Despite being a “decent student” in teachers’ eyes, his attempt to help a friend led to him losing his exam bit and eventually being sent out of the hall.

