തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മൗനം വെടിഞ്ഞ് പിണറായി വിജയൻ (Pinarayi Vijayan First Reaction). ഇടതുവിരുദ്ധ വികാരം ഉണ്ടാകാൻ പല കാരണങ്ങളുണ്ടെന്നും പരാജയത്തെ ഒരു പ്രത്യേക കാരണത്തിലേക്ക് മാത്രമായി ചുരുക്കാനാവില്ലെന്നും അദ്ദേഹം എൽ.ഡി.എഫ് യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടാകുന്നത്.
തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി ഒറ്റക്കെട്ടായി നിന്നാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫലം വന്നതിന് ശേഷം മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി, മുന്നണി യോഗത്തിൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി സമ്മതിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിക്ക് വിരുദ്ധമായി ഏകീകരിക്കപ്പെട്ടതാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി എൽ.ഡി.എഫ് യോഗം വിലയിരുത്തിയത്.മുന്നണി സംവിധാനം ജനങ്ങളിലേക്ക് വേണ്ടവിധം ഇറങ്ങിച്ചെന്നില്ലെന്നും ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഓരോ മണ്ഡലത്തിലെയും പരാജയ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ മുന്നണി തീരുമാനിച്ചു.
ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പല ഉറച്ച കോട്ടകളും തകർന്നടിഞ്ഞിരുന്നു. വരും ദിവസങ്ങളിൽ സി.പി.എമ്മിലും മറ്റ് ഘടകകക്ഷികളിലും വിശദമായ പോസ്റ്റ്‌മോർട്ടം ചർച്ചകൾ നടക്കും.
Story Summary: Breaking his post-election silence, Pinarayi Vijayan stated in the LDF meeting that several factors contributed to the assembly election defeat. He emphasized that the anti-incumbency wave cannot be attributed to a single cause and expressed confidence in bouncing back in the Lok Sabha elections. The LDF meeting evaluated that a consolidation of minority votes against the front and a lack of grassroots connection led to the loss.

