തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ നാടകീയമായ വഴിത്തിരിവുകളിലേക്ക് (Kerala CM Race 2026). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണികൾ പരസ്യമായി രംഗത്തിറങ്ങി. തൃശൂർ കൊടുങ്ങല്ലൂരിലും ആലുവയിലും കുന്നംകുളം കടവല്ലൂരിലും സതീശൻ അനുകൂലികൾ ഇന്ന് വൈകുന്നേരം പ്രകടനം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുള്ള ഫ്ലെക്സ് ബോർഡുകളും ഉയർന്നു.
തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങുന്ന എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും കാണാൻ മുതിർന്ന നേതാക്കളുടെ വൻ നിരയാണ് എത്തുന്നത്. വി.ഡി. സതീശൻ, കെ. സുധാകരൻ, വി.എം. സുധീരൻ, പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് ഔദ്യോഗികമായി കത്ത് നൽകി. “പാർട്ടിയിൽ വി.ഡി. സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്” എന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു. എം.എൽ.എമാരുടെ പിന്തുണയാണ് പാർട്ടിയിൽ പ്രധാനം. താൻ ഒരു പ്രത്യേക പേര് പറഞ്ഞിട്ടില്ലെങ്കിലും ഒരു ‘ഫോർമുല’ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം , മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലീം ലീഗിന്റെ സ്വാധീനത്തെ എതിർത്തുകൊണ്ട് മാത്യു കുഴൽനാടൻ രംഗത്തെത്തി. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും ആ മര്യാദ വേണമെന്നും അദ്ദേഹം പറഞ്ഞു. സതീശന് ലീഗ് പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുഴൽനാടന്റെ പ്രതികരണം. അതേസമയം, ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്ന് സി.എം.പി നേതാവ് സി.പി. ജോൺ വ്യക്തമാക്കി.
ഹൈക്കമാൻഡ് നിരീക്ഷകർ വൈകുന്നേരത്തോടെ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എം.എൽ.എമാരുടെ കൃത്യമായ ഭൂരിപക്ഷം പരിശോധിച്ച ശേഷം ഹൈക്കമാൻഡ് ഞായറാഴ്ചയോടെ അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary: The battle for the Kerala Chief Minister post has moved to the streets as supporters of V.D. Satheesan organized protests while posters for K.C. Venugopal appeared at the KPCC headquarters. K. Sudhakaran officially backed Venugopal in a letter to AICC observers, dismissing Satheesan’s claims. Amidst this, Mathew Kuzhalnadan warned the Muslim League against interfering in Congress’s internal leadership choices.

