പക്ഷികളുടെ ചിലയ്ക്കലോ കാട്ടിലെ തണുത്ത കാറ്റോ ഏറ്റ് ഉണരുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പതിവാണ്. എന്നാൽ അമേരിക്കയിലെ ഒക്ലഹോമയിലുള്ള ‘സഫാരി സ്റ്റേയ്സ്’ അതിഥികൾക്ക് നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. ഉറക്കമുണരുമ്പോൾ തൊട്ടടുത്ത് ഒരു ജിറാഫിനെ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത (Giraffe Airbnb Oklahoma). 23-കാരിയായ മൃഗസ്‌നേഹി കാമ്രിൻ ഗ്രാന്റ് ആണ് വാനെറ്റിലെ തന്റെ ഫാമിൽ ഈ വിസ്മയമൊരുക്കിയത്.
‘യോഷി’ എന്ന് പേരുള്ള ജിറാഫിനൊപ്പമാണ് അതിഥികൾക്ക് ഇവിടെ താമസിക്കാൻ കഴിയുക. കുട്ടിക്കാലം മുതലേ ജിറാഫുകളെ ഇഷ്ടപ്പെട്ടിരുന്ന കാമ്രിൻ, ആദ്യം ലീമറുകളെ ഉൾപ്പെടുത്തിയാണ് ഈ സംരംഭം തുടങ്ങിയത്. അത് വിജയമായതോടെയാണ് യോഷി എന്ന ജിറാഫിനെ കൂടി തന്റെ ഫാമിലെത്തിച്ചത്. ഒരു പഴയ തൊഴുത്തിനെ ആധുനിക രീതിയിലുള്ള അതിഥി മന്ദിരമാക്കി മാറ്റിയാണ് ജിറാഫിനൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ടിക്ടോക്കിൽ തന്റെ ഫാം വീഡിയോകൾ വൈറലായതോടെ 23 മണിക്കൂർ വരെ യാത്ര ചെയ്ത് ആളുകൾ ഇവിടെ എത്തുന്നുണ്ടെന്ന് കാമ്രിൻ പറയുന്നു.
യോഷിയെ കൂടാതെ സീബ്രകൾ, ഒട്ടകങ്ങൾ, കംഗാരുക്കൾ, കുറുക്കന്മാർ, മടിയൻ കരടികൾ തുടങ്ങി നൂറിലധികം മൃഗങ്ങൾ ഈ ഫാമിലുണ്ട്. മൃഗശാലകളിൽ നിന്ന് വ്യത്യസ്തമായി, മൃഗങ്ങളുടെ അരികിൽ ചെല്ലാനും അവയ്ക്ക് ഭക്ഷണം നൽകാനും അവയെ ലാളിക്കാനും അതിഥികൾക്ക് ഇവിടെ അവസരമുണ്ട്. ഗവൺമെന്റിന്റെ എല്ലാവിധ ലൈസൻസുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അനുഭവമാണെന്ന് കാമ്രിൻ അവകാശപ്പെടുന്നു.
Summary: Kamryn Grant, a 23-year-old animal lover in Oklahoma, has created “Safari Stayz,” a unique Airbnb-style accommodation where guests can sleep right next to a giraffe named Yoshi. After her TikTok videos went viral, visitors from across the US have been flocking to Wanette for this one-of-a-kind experience. The property hosts over 100 animals, allowing guests to interact closely with them under professional supervision and licensing.

