തൃശൂർ: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിനി മർദനമേറ്റു മരിച്ചു. ബംഗളൂരു സുളിബെലെയിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന ദീപക് കൃഷ്ണ എന്നയാളുടെ ക്രൂരമർദനമാണ് മരണകാരണം. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.(Malayali Woman Dies After Brutal Assault At Bangalore Dog Shelter By Deepak Krishna)
തൃശൂരിലെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്ന യുവതിയും ഭർത്താവും മൃഗസ്നേഹികളെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ബംഗളൂരുവിലെ കേന്ദ്രത്തിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് ഏപ്രിൽ 17-നാണ് യുവതി അവിടേക്ക് പോയത്. 40,000 രൂപ ശമ്പളമായിരുന്നു വാഗ്ദാനം. എന്നാൽ ദീപക് കൃഷ്ണന്റെ മോശം പെരുമാറ്റം സഹിക്കവയ്യാതെ മെയ് 3-ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചതോടെയാണ് അക്രമം തുടങ്ങിയത്.
യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും തല ഭിത്തിയിൽ പലവട്ടം ഇടിപ്പിക്കുകയും ചെയ്തു. ‘അവൾ ചത്തു കഴിഞ്ഞാൽ ബാക്കി നോക്കാം’ എന്ന് ദീപക് കൃഷ്ണൻ അയച്ച ഭീഷണി സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായ യുവതിയെയും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പെൺകുട്ടികളെയും ദീപക് മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഇയാൾ പുറത്തുനിന്ന് പൂട്ടിയിടാൻ ശ്രമിച്ചു.
ഗുരുതരാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. പ്രതി ദീപക് കൃഷ്ണനായി കർണാടക പോലീസും കേരള പോലീസും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
A 47-year-old woman from Thrissur died after being brutally assaulted by Deepak Krishna at a stray dog shelter in Bengaluru. The attack occurred when she decided to quit and return home due to his misbehavior; the accused also allegedly locked up police officers who came to rescue the victim.

