തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.ഐ.എമ്മിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ ഭരണപരിജ്ഞാനം പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.(Pinarayi Vijayan Likely To Become Opposition Leader As CPIM Evaluates Election Defeat)
തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാപരമായും പാർലമെന്ററി രംഗത്തും പെട്ടെന്നുള്ള മാറ്റങ്ങൾ ഗുണകരമാകില്ലെന്നും പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്നുമാണ് മുതിർന്ന നേതാക്കളുടെ പക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സി.പി.ഐ.എം – സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റുകൾ ഇന്ന് വിശദമായി ചർച്ച ചെയ്യും. ഭരണവിരുദ്ധ വികാരമാണോ അതോ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളാണോ തോൽവിക്ക് കാരണമെന്നത് പരിശോധിക്കും.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിയിൽ വിമർശനം ഉയരാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. എ.കെ.ജി സെന്ററിന് സമീപമുള്ള പി.ബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് അദ്ദേഹം മാറുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇന്നത്തെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Story Summary
Following LDF’s defeat, the CPIM State Secretariat is considering Pinarayi Vijayan as the Leader of the Opposition. As he vacates Cliff House today, the left leadership is meeting to analyze the election debacle and finalize the parliamentary party structure.

