മലബാറിന്റെ തനത് രുചികൂട്ടാണ് മട്ടൺ വറുത്തരച്ച കറി. നാവിൽ എരിവിന്റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ പിന്നെ വേറൊരു കറിയുടെ ആവശ്യമില്ല (Roasted Mutton Curry).
ആവശ്യമുള്ള സാധനങ്ങൾ
മട്ടൺ– 500 ഗ്രാം.
സാവാള– 2 വലുത്
ഇഞ്ചി– 1 ചെറിയ കഷ്ണം
പച്ചമുളക്– 5 എണ്ണം
വെളുത്തുള്ളി – 6 അല്ലി
തേങ്ങ– അരമുറി
ജീരകം– 1 ടിസ്പൂൺ
കറിവേപ്പില– ആവശ്യത്തിന്
മുളകുപൊടി – 1.5 ടേബിൾ സ്പൂൺ
മല്ലിപ്പൊടി– 2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി –1 ടേബിൾ സ്പൂൺ ( എരിവിന് അനുസരിച്ച്)
വെളിച്ചെണ്ണആവശ്യത്തിന്
ഉപ്പ്–ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം വെളിച്ചെണ്ണയിൽ തേങ്ങ നന്നായി വറുത്തെടുക്കുക. ബ്രൗൺ നിറമാവുമ്പോൾ കറിവേപ്പിലയും ജീരകവും ചേർത്ത് ഒന്നിളക്കിയശേഷം ഇറക്കി വയ്ക്കാം. ഇത് തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ മട്ടൺ ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കാം.
മറ്റൊരു പാത്രത്തിൽ സവാള നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ കീറിയെടുത്ത പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ച മട്ടൺ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം ചൂടാക്കിയെടുത്ത മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. എരിവിന് ആവശ്യമായ കുരുമുളക് പൊടിയും ചേർക്കണം. നന്നായി തിളച്ച ശേഷം അരച്ചു വച്ച തേങ്ങ ചേർക്കാം. കറി കുറുകി വരുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കാം.

