തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ചേരും.(Kerala CM Selection Congress High Command Meeting Delhi 2026)
രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കകം തന്നെ മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ തമ്മിൽ വടംവലി ശക്തമായിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ അവകാശവാദം.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷം സഭയിലും പുറത്തും പാർട്ടിയെ നയിച്ച രീതിയും പരിഗണിക്കണമെന്നാണ് സതീശൻ പക്ഷത്തിന്റെ നിലപാട്. ഘടകകക്ഷികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും സതീശൻ പക്ഷം പറയുന്നുണ്ട്. സീനിയോറിറ്റിക്കാണ് മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നു. അനുഭവസമ്പത്തുള്ള നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും. തുടർന്ന് ഒരാഴ്ചയ്ക്കകം പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഗ്രൂപ്പ് വൈര്യം ഭരണത്തെ ബാധിക്കാതിരിക്കാൻ എല്ലാവരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിനായിരിക്കും ഹൈക്കമാൻഡ് മുൻഗണന നൽകുക.
Story Summary
Following the UDF victory, the Congress high command will meet in Delhi today at Mallikarjun Kharge’s residence to discuss the next Kerala CM. While the KC Venugopal faction claims majority MLA support, VD Satheesan’s camp emphasizes ally support and leadership, and Ramesh Chennithala’s group demands priority based on seniority.

