കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സജി ചെറിയാൻ. എൽഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണ് ഉണ്ടായതെന്ന് സമ്മതിച്ച അദ്ദേഹം, യുഡിഎഫിന്റെ വിജയം അഹങ്കാരത്തിന് കാരണമാകരുതെന്ന് മുന്നറിയിപ്പ് നൽകി. എൽഡിഎഫിനെപ്പോലെ ഏകോപിതമായി ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ലെന്നും മൂന്ന് മാസം കഴിയുമ്പോൾ ഈ ‘ദുരന്ത’ ഭരണത്തെ എങ്ങനെ ഒഴിവാക്കാം എന്ന് ചോദിച്ച് തന്റെ അടുത്ത് വരുമെന്നും അദ്ദേഹം പരിഹസിച്ചു.(Saji Cheriyan Reaction On Kerala Election Defeat UDF Government)
വെറും 41 സീറ്റിൽ നിന്ന് യുഡിഎഫിന് 102 സീറ്റിലേക്ക് വരാമെങ്കിൽ, 99 സീറ്റുകൾ വരെ നേടിയ ചരിത്രമുള്ള എൽഡിഎഫിന് ഇതിലും വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുവരാനാകും. 2031-ൽ 102-ന് മുകളിൽ സീറ്റുകൾ നേടി ഞങ്ങൾ അധികാരത്തിൽ എത്തും. തോൽവിയിൽ കൃത്യമായ പരിശോധന നടത്തും. സംഘടനാപരമായ പോരായ്മകളും നിലപാടുകളിലെ പാളിച്ചകളും ഗൗരവമായി കാണും, സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായിരുന്നുവെന്ന വാദത്തെ സജി ചെറിയാൻ തള്ളി. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ആദ്യം തോൽക്കേണ്ടത് ഞാനാണ്. കേരളത്തിലെ ഏറ്റവും ശക്തമായ യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. അവിടെ പതിനായിരത്തിലേറെ ഭൂരിപക്ഷത്തിൽ ഞാൻ ജയിച്ചെങ്കിൽ അതിനർത്ഥം സർക്കാരിനെതിരെയല്ല വോട്ടിംഗ് നടന്നതെന്നാണ്. ചെങ്ങന്നൂരിൽ ജയിക്കാമെങ്കിൽ 140 മണ്ഡലങ്ങളിലും ജയിക്കാൻ എൽഡിഎഫിന് സാധിക്കും, അദ്ദേഹം അവകാശപ്പെട്ടു. ആലപ്പുഴ, കായംകുളം, കുട്ടനാട് എന്നിവിടങ്ങളിലെ തോൽവി പരിശോധിക്കുമെന്നും അമ്പലപ്പുഴയിലെ യുഡിഎഫ് വിജയം താൽക്കാലികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്രചാരണങ്ങളും തെറ്റിദ്ധാരണകളുമാണ് പലയിടത്തും വിനയായതെന്നും അദ്ദേഹം നിരീക്ഷിച്ചു.
Story Summary
CPM leader Saji Cheriyan acknowledged the LDF’s massive defeat but warned that the UDF’s governance would soon be seen as a “disaster.” Highlighting his victory in Chengannur as proof against anti-incumbency, he asserted that the Left would return to power with an even bigger majority in 2031.

