തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര്. വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’യായി വാഴ്ത്തി പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലകളിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും സതീശനെതിരെ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തിരുന്നു.(Designated Chief Minister, flex boards supporting VD Satheesan across the state)
പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ ‘നിലപാടുകളുടെ രാജകുമാരൻ’ എന്നും ‘നിയുക്ത മുഖ്യമന്ത്രി’ എന്നും വിശേഷിപ്പിച്ച് ഫ്ലക്സുകൾ ഉയർന്നു. രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് കരുവാറ്റയിൽ സതീശനായി ഉയർന്ന ബോർഡുകൾ അജ്ഞാതർ നശിപ്പിച്ചു.
മലപ്പുറം എടരിക്കോട് ടൗണിൽ “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചു. തവനൂർ, തൃപ്രങ്ങോട് ഭാഗങ്ങളിലും സമാനമായ ബോർഡുകൾ വന്നിട്ടുണ്ട്. അതേസമയം, കോട്ടക്കലിൽ സതീശനെതിരെയും ബോർഡുകൾ ഉയർന്നു. എറണാകുളം തൃക്കാക്കര ഓലിമുകൾ ജംഗ്ഷനിൽ കൂറ്റൻ കട്ടൗട്ടുകളാണ് പ്രത്യക്ഷപ്പെട്ടത്.

