കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (M.A. Baby). കഴിഞ്ഞ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന വോട്ടർമാർക്ക് എൽ.ഡി.എഫിനല്ലാതെ വോട്ട് ചെയ്യാനാകില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് ‘ടീം യു.ഡി.എഫ്’ എന്ന നിലയിൽ പ്രവർത്തിച്ചവർ ഇപ്പോൾ അധികാരത്തിന് വേണ്ടി അടിപിടി കൂടുകയാണെന്ന് എം.എ. ബേബി പരിഹസിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള കലഹം രൂക്ഷമായിരിക്കുകയാണ്. ഇത്തരം ഒരു കൂട്ടത്തിന് അധികാരം ലഭിച്ചാൽ സംസ്ഥാനത്തിന്റെ ഗതി എന്താകുമെന്ന് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിലെ പ്രമുഖരും മുൻ മന്ത്രിമാരും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ഫലം വരുമ്പോൾ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും ശരിയാകാറുണ്ടെങ്കിലും പരാജയപ്പെട്ട ചരിത്രവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഗ്രൗണ്ട് റിയാലിറ്റി പരിശോധിക്കുമ്പോൾ ഇടതുമുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും മുൻനിർത്തി ജനങ്ങൾ എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റുമെന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി.
Story Summary: CPIM Politburo member M.A. Baby expressed strong confidence in an LDF victory, citing the developmental achievements of the last ten years. He criticized the UDF, calling them a group fighting for power positions even before the results were out. Baby remarked that the public is concerned about the state’s future if such a group comes to power and predicted that several prominent UDF leaders would face defeat.

