തൊടുപുഴ: കേരള കോൺഗ്രസുകൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചർച്ചകൾ മതിയെന്ന് കേരള കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് (Apu John Joseph). ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് (എം) മടങ്ങിവന്നാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി സ്വീകരിക്കുന്നതുപോലെ പാർട്ടി അവരെ വരവേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മടങ്ങിവരവിനായി അവർ തെറ്റുകൾ ഏറ്റുപറയേണ്ട ആവശ്യമില്ലെന്നും കേരള രാഷ്ട്രീയത്തിൽ അവർ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും അപു കൂട്ടിച്ചേർത്തു. നിയമസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് അപു ജോൺ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിനായി ഏറ്റവും കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്തത് കേരള കോൺഗ്രസാണ്. അതുകൊണ്ടുതന്നെ മന്ത്രിസഭയിൽ അർഹമായ പരിഗണന പാർട്ടി പ്രതീക്ഷിക്കുന്നു.
കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ ഇത്തവണ കൃഷിവകുപ്പ് പാർട്ടിക്ക് ലഭിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എത്ര മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് അന്തിമ തീരുമാനമെടുക്കുമെന്നും അപു വ്യക്തമാക്കി.
Story Summary: Apu John Joseph stated that Kerala Congress (M) would be welcomed back to the fold like the “prodigal son” if they returned to the UDF. He emphasized that Kerala Congress deserves significant representation in the new cabinet, expressing a personal desire for the party to handle the Agriculture portfolio.

