കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷനായി പുനർനിയമിച്ചു. 2026-27 വർഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കർ ആണ് പ്രഖ്യാപിച്ചത്.(KC Venugopal reappointed as PAC chairman while CM talks are in tatters in Kerala )
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ബലാബലത്തിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന സൂചനകൾക്കിടയിലാണ് ഈ നിർണ്ണായക നീക്കം. പ്രധാന പ്രതിപക്ഷ കക്ഷിയുടെ പ്രതിനിധിയെ പിഎസി അധ്യക്ഷനായി നിയമിക്കുന്ന കീഴ്വഴക്കമനുസരിച്ചാണ് കെ.സി. വീണ്ടും ഈ പദവിയിലെത്തുന്നത്. ഇതോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ നീക്കമെന്ന സംശയങ്ങളുണരുന്നു.
എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇതിൽ മാറ്റമുണ്ടാക്കാനാകും. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. കെ.സി. മത്സരത്തിൽ നിന്ന് മാറുകയാണെങ്കിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ രമേശ് ചെന്നിത്തലയെ പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി. വേണുഗോപാലും രണ്ടാമതായി ചെന്നിത്തലയുമാണ് മുന്നിലെങ്കിലും, ഘടകകക്ഷികളുടെ പിന്തുണയാണ് വി.ഡി. സതീശന്റെ കരുത്ത്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യുഡിഎഫിന് അധികാരം ലഭിക്കുകയാണെങ്കിൽ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമായിരിക്കും.
ലോക്സഭയിൽ നിന്നുള്ള 15 പേരും രാജ്യസഭയിൽ നിന്നുള്ള 7 പേരും ഉൾപ്പെടെ 22 അംഗങ്ങളാണ് പിഎസി സമിതിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന അതിശക്തമായ ഈ സമിതിയുടെ അധ്യക്ഷ പദവിയിൽ കെ.സി. തുടരുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ കരുത്താണ്.

