ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിൽ പിക്കിൾബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന ചെറു വിമാനം തകർന്നു വീണ് അഞ്ചുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽ നിന്ന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വിംബർലി നഗരത്തിലാണ് അപകടം നടന്നതെന്ന് ടെക്സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.(5 Killed After Small Plane Crashes In US’ Texas)
സെസ്‌ന 421സി വിമാനത്തിലെ പൈലറ്റും നാല് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർ അമറില്ലോ പിക്കിൾബോൾ ക്ലബ് അംഗങ്ങളാണെന്നും ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അമറില്ലോയിൽ നിന്ന് പറന്നുയർന്ന വിമാനം ന്യൂ ബ്രൗൺഫെൽസ് നാഷണൽ എയർപോർട്ടിലേക്കാണ് പോയിരുന്നത്.
വിമാനം തകരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് എൻജിനിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. “എന്തോ തകരാർ സംഭവിച്ചതുപോലെ തോന്നിപ്പിച്ചു. വലിയ ശബ്ദത്തോടെ വിമാനം താഴ്ന്നു പറന്നു,” പ്രദേശവാസി പറഞ്ഞു. വിമാനം തകർന്നുവീണ ആഘാതത്തിൽ പ്രദേശം മുഴുവൻ പ്രകമ്പനം കൊണ്ടതായി മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തി.
ഫെഡറൽ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് അസ്വാഭാവികമായ രീതിയിലാണ് സഞ്ചരിച്ചിരുന്നതെന്ന് എയർ ട്രാഫിക് കൺട്രോൾ റെക്കോർഡിംഗുകൾ സൂചിപ്പിക്കുന്നു. മറ്റൊരു വിമാനത്തിൽ ഇതേ ടൂർണമെന്റിനായി പുറപ്പെട്ട സഹതാരങ്ങൾ സുരക്ഷിതമായി ഇറങ്ങിയിട്ടുണ്ട്.

