തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ (K.N. Balagopal). കേരളത്തിലെ ജനങ്ങൾ വികസനത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും ശക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എക്സിറ്റ് പോളുകൾ വെറും കടലാസ് കണക്കുകളായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ അഞ്ച് വർഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന വലിയൊരു ‘യെസ്’ ആയിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് യാതൊരു സാധ്യതയുമില്ല. ഒരു തൂക്കുസഭയുണ്ടാകുമെന്ന വാദങ്ങളെ അദ്ദേഹം പാടെ തള്ളി. എൽഡിഎഫിന് ഭരണത്തുടർച്ച നൽകാൻ ജനങ്ങൾ നേരത്തെ തീരുമാനിച്ചു കഴിഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഒരു തരംഗവുമില്ല. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രവചനങ്ങളും യഥാർത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിഭാഗം പ്രമുഖ എക്സിറ്റ് പോളുകളും യുഡിഎഫിന് (UDF) മേൽക്കൈ പ്രവചിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
തിരഞ്ഞെടുപ്പ് ഫലം മെയ് 4 തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവരുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാകുമോ അതോ എൽഡിഎഫ് ചരിത്രപരമായ മൂന്നാം ഊഴം നേടുമോ എന്ന് മെയ് 4-ഓടെ വ്യക്തമാകും.
Story Summary: Finance Minister K.N. Balagopal has dismissed the exit poll results that predict a win for the UDF in the 2026 Kerala Assembly elections. He expressed confidence that the LDF would secure a strong majority and continue its development agenda. Balagopal stated that exit polls do not reflect the ground reality and the final results on May 4 will prove them wrong.

