കൊച്ചി: വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്റെ പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്റെ’ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്.(No matter what I give, if it’s good, they will accept it, I have that courage, says Mammootty)
ധൈര്യപൂർവ്വം ഇത്രയധികം വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്ന നടി രേവതിയുടെ ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി, ഇതൊക്കെ പണ്ട് മുതലേയുള്ള എന്റെ ആഗ്രഹങ്ങളാണ്. അന്നും ഞാൻ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ അന്ന് പലപ്പോഴും എന്നെ അതിന് സമ്മതിച്ചിരുന്നില്ല. എന്നിട്ടും ‘മൃഗയ’ പോലുള്ള സിനിമകൾ അക്കാലത്ത് ചെയ്തിട്ടുണ്ട് എന്നായിരുന്നു.
മാറുന്ന സിനിമാ ബോധത്തെക്കുറിച്ചും പ്രേക്ഷകരെക്കുറിച്ചും അദ്ദേഹം വാചാലനായി. ‘എന്ത് കൊടുത്താലും നല്ലതാണെങ്കിൽ അവർ സ്വീകരിക്കും, ആ ഒരു ധൈര്യമുണ്ട് എനിക്ക്.’ കൂടാതെ മിക്കവാറും തൻ്റെ തന്നെ പ്രൊഡക്ഷൻ ആണെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം മലയാളത്തിലെയും തെന്നിന്ത്യയിലെയും വലിയൊരു താരനിര അണിനിരക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മോഹൻലാൽ, രേവതി, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവർ പ്രമുഖ താരങ്ങളായി എത്തുന്നു.

