ഇടുക്കി: പച്ചടിയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. മരിച്ചത് വീട്ടമ്മയായ മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താൻ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.(Nedumkandam double murder, Postmortem of the bodies to be completed today)
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ കാണാതായ കേസിലും പൊലീസ് പുനരന്വേഷണം നടത്തും. 2018-ൽ സമാനമായ സാഹചര്യത്തിലായിരുന്നു മാത്യുവിനെ കാണാതായത്. വിഷയം കൂടുതൽ ഗൗരവമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
പ്രതിയെന്ന് സംശയിക്കുന്ന സജി സംസ്ഥാനം വിടാതിരിക്കാനുള്ള മുൻകരുതലുകൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും സജിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തും അന്വേഷണം പുരോഗമിക്കുകയാണ്.

