കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെയും ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനതല ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.(Nitin Raj’s death, State-wide hartal begins, Dalit organizations seek justice)
ഹർത്താൽ ജനജീവിതത്തെ ബാധിക്കുമെങ്കിലും നിർബന്ധപൂർവം വാഹനങ്ങൾ തടയുകയോ കടകമ്പോളങ്ങൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. 50-ലേറെ ദലിത് സംഘടനകളാണ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് വിവിധ വ്യാപാര സംഘടനകൾ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തുടങ്ങിയവ പ്രവർത്തനമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ, സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ എന്നിവരും സഹകരിക്കില്ലെന്ന് വ്യക്തമാക്കി.
പൊതുഗതാഗതത്തെ ഹർത്താൽ കാര്യമായി ബാധിക്കാനിടയില്ല. സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തും. നിതിൻ രാജിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം.

