ഫരീദാബാദ്: ആറ് പെൺമക്കളെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനെത്തുടർന്ന് 18 മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ അഴുക്കുചാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ പല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ‘ബുധിയ നാല’ എന്നറിയപ്പെടുന്ന അഴുക്കുചാലിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.(Woman In Faridabad Throws 18-Month-Old Daughter Into Drain)
ഏപ്രിൽ 23-നാണ് അഴുക്കുചാലിലെ ഇരുമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ഒരു സ്ത്രീ കുഞ്ഞുമായി നടന്നു പോകുന്നതും അൽപ്പസമയത്തിന് ശേഷം കുഞ്ഞില്ലാതെ തിരികെ വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
ബീഹാർ മധുബനി സ്വദേശിയായ നീലമാണ് കേസിലെ പ്രതി. ഭർത്താവ് സഞ്ജയ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ധീരജ് നഗറിലെ ഒരു കുടിലിലാണ് ഇവർ താമസിക്കുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ നീലം കുറ്റം സമ്മതിച്ചു. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്നും ആറ് പെൺമക്കളെയും വളർത്താൻ ശേഷിയില്ലാത്തതിനാലാണ് ഇളയ കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ ജീവനോടെയാണ് അഴുക്കുചാലിലേക്ക് എറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വക്താവ് യാഷ്പാൽ അറിയിച്ചു.

