തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.(Snakebite cases are increasing in the state, 23 people sought ambulance help yesterday alone)
ആലപ്പുഴ ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് പാമ്പുകടിയേറ്റു. കായംകുളത്ത് മൂന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് കടിയേറ്റത്. ഇതിൽ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചേർത്തലയിലും തണ്ണീർമുക്കത്തും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു.
മലപ്പുറം എടപ്പാൾ ചിറക്കൽ സ്വദേശി ഷഹല തസ്നി (21) പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്. ഇന്ന് രാവിലെ കാൽപാദത്തിൽ കടിയേറ്റ യുവതി നിലവിൽ അബോധാവസ്ഥയിലാണ്. കോഴിക്കോട് പൂനൂർ സ്വദേശി മുഹമ്മദ് അൻസാറിന് (22) ഇന്ന് പുലർച്ചെ കിടക്കയിൽ വെച്ചാണ് പാമ്പുകടിയേറ്റത്. കുറ്റ്യാടിയിൽ ഒരു വീട്ടിലെ വിവിധ മുറികളിൽ നിന്നായി അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ പിടികൂടിയത് വലിയ പരിഭ്രാന്തി പരത്തി. കുട്ടികൾ ഉറങ്ങിക്കിടന്ന കിടക്കയിൽ നിന്നാണ് ആദ്യ പാമ്പിനെ കണ്ടെത്തിയത്.
തിരുവനന്തപുരം ചിറയൻകീഴ് ഭുവന ചന്ദ്രന് പാമ്പുകടിയേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ടുപേർക്ക് കടിയേറ്റു. വീട്ടുപറമ്പിൽ ജോലി ചെയ്യുകയായിരുന്ന പ്രസീത എന്ന സ്ത്രീയ്ക്കും, കിണർ നിർമ്മാണ തൊഴിലാളിയായ സനീഷിനുമാണ് പാമ്പുകടിയേറ്റത്.
ചൂട് കൂടുമ്പോൾ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടിന്റെ പരിസരത്തെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും രാത്രികാലങ്ങളിൽ ടോർച്ച് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുകയാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗം.

