കൊച്ചി: വന്യജീവി ആക്രമണങ്ങളിലും പാമ്പുകടി മരണങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിച്ച് ദീപിക പത്രം. മനുഷ്യജീവനേക്കാൾ വില വിഷജീവികൾക്കും മൃഗങ്ങൾക്കും നൽകുന്ന വിചിത്രമായ ഭരണരീതിയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Snakes have a government, men have a coffin, Syro-Malabar Church mouthpiece strongly criticizes )
വന്യജീവികളോ വിഷസർപ്പങ്ങളോ അല്ല, മറിച്ച് അധികാരത്തിന്റെ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികളാണ് സഹജീവികളെ കൊല്ലുന്നതെന്ന് പത്രം ആരോപിക്കുന്നു. കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്കായി മൃഗങ്ങളെ പ്രതിരോധിച്ചാൽ ജയിലിലടയ്ക്കുന്ന നിയമം ജനദ്രോഹപരമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പാമ്പുകളുടെ മുട്ട പോലും പോറലേൽക്കാതെ വിരിയിച്ചു വളർത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ, മരിച്ചവരുടെ നികുതിപ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നത്. ആയിരക്കണക്കിന് വിഷജീവികളെ വനംവകുപ്പ് നെഞ്ചോട് ചേർത്ത് താലോലിക്കുമ്പോൾ കുഞ്ഞുങ്ങളുടേതടക്കം കരിനീലിച്ച മൃതദേഹങ്ങൾക്ക് മുന്നിൽ നാട് അലമുറയിടുകയാണെന്ന് ദീപിക പരിഹസിക്കുന്നു.
ഈ നരബലികൾക്ക് സർക്കാർ കാവൽ നിൽക്കുകയാണെന്നും എന്നിട്ട് ‘സൂക്ഷിക്കണം’ എന്ന് ഉപദേശിക്കുന്നത് ക്രൂരമാണെന്നും മുഖപ്രസംഗം പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന മെയ് നാലിനെയെങ്കിലും സൂചിപ്പിച്ചുകൊണ്ട്, “മെയ് നാലിനെങ്കിലും ഒരു സൂര്യൻ ഉദിക്കുമോ?” എന്ന് ദീപിക ചോദിക്കുന്നു. ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ കഴിയാത്ത രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ വലിയ ജനരോഷമാണ് ഇത്തരത്തിൽ സഭയുടെ മുഖപത്രത്തിലൂടെ പുറത്തുവരുന്നത്.

