തനിക്ക് മറുപടി ലഭിച്ചില്ലെന്ന് പരസ്യമായി വെളിപ്പെടുത്തി
സെറോദ ഹസ്ഥാപകൻ നിഖിൽ കാമത്തിനെതിരെ ഒരു യുവതി പരസ്യമായി ചോദ്യം ഉന്നയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലൈവ് ഇവന്റിനിടെ നിഖിൽ കാമത്തിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതി തനിക്ക് ലഭിക്കാത്ത മറുപടിയെക്കുറിച്ച് പരാതിപ്പെട്ടത് (Nikhil Kamath Viral Interaction). നിഖിൽ കാമത്തിന്റെ അപ്രതീക്ഷിതവും മാന്യവുമായ മറുപടി സദസ്സിൽ ചിരിയും കൈയടിയും നിറച്ചു.
കോമേഡിയൻ തൻമയ് ഭട്ടിനൊപ്പമുള്ള ഒരു സെഷനിടെയായിരുന്നു സംഭവം. ആളുകൾക്ക് തനിക്ക് ഇമെയിൽ അയക്കാമെന്നും, എങ്ങനെ നിഖിൽ കാമത്തിന് പ്രയോജനപ്പെടാം എന്ന് മൂന്ന് കാര്യങ്ങളിലൂടെ വിശദീകരിക്കണമെന്നും നിഖിൽ മുൻപ് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് താൻ ഡിസംബർ 9-ന് ഇമെയിൽ അയച്ചിരുന്നെന്നും, എന്നാൽ ഇതുവരെ മറുപടി ലഭിച്ചില്ലെന്നും നന്ദിനി ജെയിൻ എന്ന യുവതി മൈക്കിലൂടെ തുറന്നു പറഞ്ഞു. താൻ അയച്ച ഇമെയിൽ ഇപ്പോഴും കൈവശമുണ്ടെന്നും യുവതി തമാശരൂപേണ സദസ്സിനെ അറിയിച്ചു.
തന്റെ പോഡ്‌കാസ്റ്റായ ‘WTF’-ൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് താൻ ഇമെയിലിലൂടെ ആശയങ്ങൾ പങ്കുവെച്ചതെന്ന് നന്ദിനി വ്യക്തമാക്കി. പ്രധാന കാര്യം തനിക്ക് മറുപടി ലഭിച്ചില്ല എന്നത് മാത്രമാണെന്നും യുവതി കൂട്ടിച്ചേർത്തു. പെട്ടെന്നുണ്ടായ ഈ ചോദ്യത്തിൽ അല്പം അമ്പരന്നെങ്കിലും, നിഖിൽ കാമത്ത് ഉടൻ തന്നെ മാപ്പ് പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ഇമെയിലുകൾ ലഭിക്കുന്നതിനാൽ പലതും വായിക്കാൻ കഴിയാറില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. യുവതി പങ്കുവെച്ച ആശയങ്ങൾ വളരെ വിലപ്പെട്ടതാണെന്നും, ഉടൻ തന്നെ തന്റെ ടീം നന്ദിനിയെ ബന്ധപ്പെടുമെന്നും നിഖിൽ കാമത്ത് ഉറപ്പുനൽകി.
യുവതിയുടെ ആത്മവിശ്വാസത്തെയും നിഖിൽ കാമത്തിന്റെ പക്വതയാർന്ന മറുപടിയെയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കുന്നുണ്ട്. ഒരു വ്യവസായിയോട് സാധാരണക്കാർക്ക് ഇത്തരത്തിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് വിരളമാണെന്നും, ഈ വീഡിയോ മാതൃകാപരമാണെന്നും പലരും കമന്റ് ചെയ്യുന്നു.

